കണ്ണൂർ: 1977 ലെ തിരഞ്ഞെടുപ്പിൽ ആർ.എസ്.എസിന്റെ അന്നത്തെ രാഷ്ട്രീയ പാർട്ടിയായിരുന്ന ജനസംഘവുമായി കൂട്ടുകൂടിയാണ് പിണറായി വിജയൻ വിജയിച്ചതെന്ന യു.ഡി.എഫിന്റെ അവകാശവാദം നുണയാണെന്ന് സി.പി.എം നേതാവ് പി.ജയരാജൻ. 1977 ലെ തിരഞ്ഞെടുപ്പ് കാലത്ത് ജനസംഘം എന്ന രാഷ്ട്രീയ പാർട്ടി നിലവിലില്ലായിരുന്നു. അതുകൊണ്ട് തന്നെ സി.പി.എം ജനസംഘവുമായി സഖ്യമുണ്ടാക്കിയെന്ന വാദത്തിന് യാതൊരു അർത്ഥവുമില്ല. അതേസമയം, ജനസംഘമുണ്ടായിരുന്ന കാലത്ത് അവരുമായി സഖ്യമുണ്ടാക്കിയത് കോൺഗ്രസാണെന്നും അദ്ദേഹം ആരോപിച്ചു. പി ജയരാജൻ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണ്ണരൂപം ചുവടെ.
1977 ലെ തിരഞ്ഞെടുപ്പിൽ ആർ.എസ്.എസിന്റെ അന്നത്തെ രാഷ്ട്രീയ പാർട്ടിയായിരുന്ന ജനസംഘവുമായി കൂട്ടുചേർന്ന് പിണറായി വിജയൻ വിജയിച്ച് എം.എൽ.എ ആയെന്ന നുണകളാണ് കോൺഗ്രസ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. 1977 ലെ തിരഞ്ഞെടുപ്പ് കാലത്ത് ജനസംഘം എന്ന രാഷ്ട്രീയ പാർട്ടി നിലവിലില്ലായിരുന്നു. അതുകൊണ്ട് തന്നെ സി.പി.എം ജനസംഘവുമായി സഖ്യമുണ്ടാക്കിയെന്ന വാദത്തിന് യാതൊരു അർത്ഥവുമില്ല.
അതേസമയം, ജനസംഘമായിരുന്നപ്പോൾ അവരുമായി സഖ്യമുണ്ടാക്കിയത് കോൺഗ്രസായിരുന്നു. 1957-ലെ ആദ്യ കേരള തിരഞ്ഞെടുപ്പിൽ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ഒരു സർക്കാർ അധികാരത്തിൽ വന്നു. ആ സർക്കാരിനെ ജനാധിപത്യ വിരുദ്ധമായി താഴെയിറക്കിയത് കോൺഗ്രസാണ്. 1960 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പട്ടാമ്പി നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച ഇ.എം.എസിനെ പരാജയപ്പെടുത്താൻ ജനസംഘവുമായി സഖ്യമുണ്ടാക്കിയത് കോൺഗ്രസായിരുന്നു.