ഇറാൻ : ഇസ്ലാമിക നിയമപ്രകാരം സ്ത്രീകൾ നിർബന്ധമായും ധരിക്കണമെന്ന് ആവശ്യപ്പെടുന്ന ഹിജാബ് പരസ്യമായി നീക്കം ചെയ്ത് ഇറാനിയൻ സ്ത്രീകൾ പ്രതിഷേധവുമായി രംഗത്ത്. ഇറാനിൽ ഹിജാബിന്റെ ദേശീയ ദിനമായി ആചരിക്കുന്ന ജൂലൈ 12നാണ് യുവതികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. ഹിജാബ് വിരുദ്ധ കാമ്പെയ്നിൽ പങ്കെടുത്ത ഇറാനിയൻ സ്ത്രീകൾ ഹിജാബ് നീക്കം ചെയ്യുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്.
ഡ്രസ് കോഡ് ശക്തമായി നടപ്പാക്കാൻ രാജ്യത്തെ സുരക്ഷാ സേന ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് സ്ത്രീകളുടെ പ്രതിഷേധം. ചൊവ്വാഴ്ച ഇറാനിലെ മനുഷ്യാവകാശ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിലാണ് ഹിജാബുകൾ പരസ്യമായി നീക്കം ചെയ്യുകയും അതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും ചെയ്തത്.
അതേസമയം, ഹിജാബ് ധരിക്കേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടുന്നതിനായി സംഘടിപ്പിച്ച പരിപാടിയുടെ വീഡിയോ ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ പ്രക്ഷേപണം ചെയ്തു. പച്ച ഹിജാബും നീണ്ട വെളുത്ത വസ്ത്രവും ധരിച്ച് 13 സ്ത്രീകൾ ഖുർആൻ സൂക്തങ്ങൾ ഉദ്ധരിച്ചും സ്ത്രീകൾ ഹിജാബ് ധരിക്കേണ്ടത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുന്നതും വീഡിയോയിൽ കാണാം. ഈ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഉയരുന്നത്.