നിയമമന്ത്രി പി രാജീവിന് ഹിന്ദു ഐക്യവേദി ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹിന്ദു ഐക്യവേദി നേതാവ് നിയമമന്ത്രി പി രാജീവിന്റെ സ്ഥിരം സന്ദർശകനാണ്. മന്ത്രിയുടെ നിർദേശ പ്രകാരമാണ് തനിക്കെതിരെ സംസാരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. തിരഞ്ഞെടുപ്പിൽ മന്ത്രി പി രാജീവിനെ സഹായിച്ചത് ഹിന്ദു ഐക്യവേദി നേതാവാണ്.
ആർഎസ്എസ് പരിപാടിയിൽ പറഞ്ഞത് കോൺഗ്രസ് ആശയങ്ങളാണെന്നും വി ഡി സതീശൻ പറഞ്ഞു. എന്നാൽ തൃശൂരിലെ ആർഎസ്എസ് പരിപാടിയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തിയ പ്രസംഗം പുറത്ത് വിടണമെന്ന് മന്ത്രി പി രാജീവ് ഇന്നലെ പറഞ്ഞിരുന്നു. സതീശൻ ഗോൾവാൾക്കറുടെ ചിത്രത്തിനു മുന്നിൽ വിളക്ക് കൊളുത്തി. അച്യുതാനന്ദൻ പരിപാടിയിൽ പങ്കെടുത്ത് ആർ.എസ്.എസിനെ വിമർശിച്ചെന്നും ഗോൾവാൾക്കറുടെ ഛായാചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തിയിട്ടില്ലെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.
അതേസമയം, 1977 ൽ ആർഎസ്എസ് പിന്തുണയോടെയാണ് പിണറായി വിജയൻ ആദ്യമായി എംഎൽഎ ആയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഏത് ചെകുത്താന്റെയും സഹായത്തോടെ കോൺഗ്രസിനെ പരാജയപ്പെടുത്തുമെന്ന് അന്ന് സി.പി.ഐ(എം) പറഞ്ഞിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗ വേദിക്ക് സമീപം ബോംബെറിഞ്ഞവരെ അറസ്റ്റ് ചെയ്തില്ലെന്നും വി ഡി സതീശൻ നിയമസഭയിൽ പറഞ്ഞു.