കൊളംബോ: തന്നെയും കുടുംബത്തെയും സുരക്ഷിതമായി രാജ്യം വിടാൻ അനുവദിക്കാതെ രാജിവയ്ക്കില്ലെന്ന് ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബയ രാജപക്സെ വ്യക്തമാക്കി. ബുധനാഴ്ച രാജിവയ്ക്കുമെന്ന റിപ്പോർട്ടുകളെ തുടർന്ന് അപ്രതീക്ഷിതമായാണ് രാജപക്സെ രാജി വയ്ക്കാനുള്ള ഉപാധി മുന്നോട്ടുവച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികളുമായി ഗോതാബയ രാജപക്സെ ചർച്ച നടത്തിവരികയാണെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, പ്രസിഡന്റിന്റെ അഭ്യർത്ഥന ഇതുവരെ ആരും സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം. രാഷ്ട്രപതിയുടെ രാജിക്കായി രാജ്യം ഒന്നടങ്കം പ്രക്ഷോഭം നടത്തുന്നതിനിടെയാണ് അദ്ദേഹം പുതിയ ആവശ്യവുമായി രംഗത്തെത്തിയത്.
ബുധനാഴ്ച ഗോതാബയ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്ന് സ്പീക്കർ കഴിഞ്ഞ ദിവസം രാജ്യത്തെ അറിയിച്ചിരുന്നു. പ്രസിഡന്റിന്റെ വസതി ഏറ്റെടുക്കാൻ ആയിരക്കണക്കിന് പ്രതിഷേധക്കാർ കൊളംബോയിൽ ഒത്തുകൂടുകയും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ വസതിക്ക് തീയിടുകയും ചെയ്തതിന് പിന്നാലെയാണ് രാജി തീരുമാനം. അതേസമയം, തന്നെയും കുടുംബത്തെയും സുരക്ഷിതമായി രാജ്യം വിടാൻ അനുവദിച്ചാൽ മാത്രമേ രാജിവയ്ക്കൂ എന്നാണ് ഗോതാബയയുടെ പുതിയ നിലപാട്.
മുൻ ധനമന്ത്രിയും ഗോതാബയ രാജപക്സെയുടെ സഹോദരനുമായ ബേസിൽ രജപക്സെയെ വിമാനത്താവളത്തിൽ തടഞ്ഞു. കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിഐപി ടെർമിനൽ വഴി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ ചൊവ്വാഴ്ച രാവിലെയാണ് ബേസിലിനെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞത്. 12.15ന് ചെക്ക് ഇൻ കൗണ്ടറിലെത്തിയ ബേസിൽ 3.15 വരെ അവിടെയുണ്ടായിരുന്നു. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇയാളെ തിരിച്ചറിഞ്ഞതോടെ യാത്രാനുമതി നിഷേധിച്ചു.