തിരുവനന്തപുരം: എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷൻ എന്നിവയെ തമ്മിൽ ബന്ധിപ്പെടുത്തി ‘എയർ-റെയിൽ’ സിറ്റി സർക്കുലർ സർവീസ് ആരംഭിക്കാൻ കെഎസ്ആർടിസി. തമ്പാനൂർ ബസ് സ്റ്റേഷനിൽ നിന്നും തിരുവനന്തപുരത്തെ എയർപോർട്ടുകളായ ഡൊമസ്റ്റിക്, ഇന്റർനാഷണൽ ടെർമിനലുകളിലേക്കും, സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നുമുള്ള യാത്രക്കാരെ അങ്ങോട്ടും, തിരിച്ചും എത്തിക്കുന്ന തരത്തിലാണ് സർവീസ് നടത്തുന്നത്.
സിറ്റി സർക്കുലറിന്റെ എട്ടാമത്തെ സർക്കിളായ ഇത് നിലവിൽ ഏഴ് സർക്കുലർ സർവീസുകളുണ്ട്. ആദ്യ ഘട്ടത്തിൽ ഓരോ മണിക്കൂറിലും ഈ രണ്ട് ടെർമിനലുകളിൽ എത്തുന്ന തരത്തിൽ ഓരോ ബസ് വീതം ക്രമീകരിക്കും. ഘടികാരദിശയിൽ സർവീസ് നടത്തുന്ന സർക്കുലർ ബസ് തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് പൊന്നറ ശ്രീധർ പാർക്ക് ചുറ്റി സെൻട്രൽ റെയിൽവേ സ്റ്റേഷൻ മുന്നിലെത്തി ഓവർബ്രിഡ്ജ്, കിഴക്കേകോട്ട, അട്ടക്കുളങ്ങര, മണക്കാട്, മുക്കോലയ്ക്കൽ, വലിയതുറ ഡൊമസ്റ്റിക് ടെർമിനൽ, ശംഖുമുഖം, ഓൾ സെയിൻ്റസ് കോളജ്, ചാക്ക, ഇന്റർനാഷണൽ ടെർമിനൽ, ചാക്ക ജംഗ്ഷൻ, പേട്ട, പാറ്റൂർ, ജനറൽ ഹോസ്പിറ്റൽ, കേരള യൂണിവേഴ്സിറ്റി, പാളയം, സ്റ്റാച്യു, ഓവർബ്രിഡ്ജ് വഴി യാത്രക്കാരെ കൊണ്ടുപോകും.
അന്താരാഷ്ട്ര ടെർമിനലിലേക്ക് ആദ്യം പോകേണ്ടവർക്ക് തമ്പാനൂർ, ഓവർ ബ്രിഡ്ജ്, പാളയം, അയ്യൻകാളി ഹാൾ, കേരള യൂണിവേഴ്സിറ്റി, ജനറൽ ആശുപത്രി, പാറ്റൂർ, പേട്ട, ചാക്ക, ഇന്റർ നാഷണൽ എയർപോർട്ട്, ഓൾ സെയിന്റസ്, ശംഖുമുഖം, വലിയതുറ ഡൊമസ്റ്റിക് ടെർമിനൽ, മുക്കോലയ്ക്കൽ, മണക്കാട് എന്നിവിടങ്ങളിലേക്ക് ഘടികാരദിശയിൽ സർവീസ് നടത്തും. ഈ സേവനങ്ങളുടെ ട്രയൽ റൺ അടുത്തയാഴ്ച ആരംഭിക്കും. ഘടികാരദിശയിലും ആന്റി ക്ലോക്ക് വൈസിലും പുതിയ ഇലക്ട്രിക് ബസുകളുമായി ട്രയൽ റൺ നടത്തിയ ശേഷമായിരിക്കും റൂട്ട് തീരുമാനിക്കുക.