കീഴ്വായ്പൂര്: ഭരണഘടനയെ അവഹേളിക്കുന്ന പരാമർശം നടത്തിയ സജി ചെറിയാൻ എംഎൽഎയ്ക്കെതിരെ കീഴ്വായ്പൂര് പോലീസ് അന്വേഷണം ആരംഭിച്ചു. കേസിലെ പരാതിക്കാരനായ അഭിഭാഷകന്റെ മൊഴി തിരുവല്ല ഡിവൈ.എസ്.പി രേഖപ്പെടുത്തി.
കേസ് രജിസ്റ്റർ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷമാണ് സജി ചെറിയാനെതിരായ പരാതിയിൽ പൊലീസ് നടപടി ആരംഭിച്ചത്. 600/2022 എന്ന നമ്പറിൽ കീഴ്വായ്പൂര് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും തുടർനടപടികൾ ആരംഭിച്ചിരുന്നില്ല. കേസിലെ പരാതിക്കാരനായ അഡ്വക്കേറ്റ് ബൈജു നോയലിനെ ഇന്നലെ രാത്രി തിരുവല്ല ഡിവൈ.എസ്.പി ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തു.
സജി ചെറിയാന്റെ പ്രസംഗത്തിനൊപ്പം അന്ന് മല്ലപ്പള്ളിയിലെ വേദിയിൽ മറ്റാരെങ്കിലും ഭരണഘടനയ്ക്കെതിരെ സംസാരിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും അഭിഭാഷകൻ ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ സാക്ഷികളായ തിരുവല്ല, റാന്നി എം.എൽ.എമാരുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.