കൊച്ചി: കെ.എസ്.ആർ.ടി.സിയുടെ സ്വീപ്പർ, ഗാരിജ് മസ്ദൂർ, പ്യൂൺ/അറ്റൻഡർ വിഭാഗക്കാർക്കും ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കൊപ്പം ആദ്യഘട്ടത്തിൽ തന്നെ ശമ്പളം ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കരാറുകാർക്കും ഇത് ബാധകമാണ്. സാധ്യമെങ്കിൽ ഓഗസ്റ്റ് അഞ്ചിനോ പത്തിനോ അടുത്ത മാസത്തെ ശമ്പളം ഉറപ്പാക്കണം. സാധാരണ ജീവനക്കാർക്ക് ശമ്പളം നൽകാതെ മേലുദ്യോഗസ്ഥർക്ക് ശമ്പളം നൽകരുതെന്ന മുൻ ഉത്തരവ് ഭേദഗതി ചെയ്താണു നിർദ്ദേശം.
ശമ്പളം വൈകുന്നതിനെതിരെ ആർ. ബാജി തുടങ്ങി ജീവനക്കാർ നൽകിയ ഹർജിയിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. മാസങ്ങൾക്ക് ശേഷം 3.51 കോടി രൂപ മിച്ചം ലഭിച്ചതായി കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചു. കെ.എസ്.ആർ.ടി.സി ഓഫീസ് വളപ്പിലെ സമരം അവസാനിപ്പിച്ച യൂണിയനുകളെ കോടതി അഭിനന്ദിച്ചു. സ്ഥാപനത്തെ പുനരുജ്ജീവിപ്പിക്കാൻ ഇത്തരത്തിലുള്ള പ്രതികരണം ആവശ്യമാണെന്ന് കോടതി പറഞ്ഞു.