നടിയെ ആക്രമിച്ച കേസിൽ ജയിൽ വകുപ്പ് മുൻ മേധാവി ആർ ശ്രീലേഖ ഉന്നയിച്ച ആരോപണങ്ങൾ പുതിയതല്ലെന്ന് പ്രതിഭാഗം. വെളിപ്പെടുത്തലുകളിൽ പുതിയ ഹർജി നൽകേണ്ട ആവശ്യമില്ല. പൾസർ സുനിയുടെ മുൻകാല നടപടികൾ വിചാരണ ഘട്ടത്തിൽ കോടതി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രതിഭാഗം പറഞ്ഞു.
ആർ ശ്രീലേഖ പറഞ്ഞത് പുതിയതല്ലെന്ന് പറയുമ്പോഴും പ്രതിഭാഗം വെളിപ്പെടുത്തലുകളെ പൂർണമായും തള്ളിക്കളയുന്നില്ല. പോലീസ് ഗൂഡാലോചന പുതിയ കാര്യമാണെന്ന് പ്രതിഭാഗം പറയുന്നു. വീഡിയോ സഹിതം പൊലീസുകാർക്കെതിരെ പരാതി നൽകിയിട്ടും അന്വേഷണമില്ലെന്നും പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടും. നിലവിലെ വെളിപ്പെടുത്തലുകളുടെയും ആരോപണങ്ങളുടെയും പശ്ചാത്തലത്തിൽ ശ്രീലേഖയെ സാക്ഷിയാക്കാനാണ് പ്രതിഭാഗം ആലോചിക്കുന്നത്.
അതേസമയം ശ്രീലേഖയുടെ ആരോപണങ്ങൾ ദിലീപിനെ തുണയ്ക്കാനാണെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. ദിലീപുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ പേരിലാണ് അന്വേഷണ സംഘത്തിനെതിരെ ശ്രീലേഖ ആരോപണം ഉന്നയിക്കുന്നത്. ശ്രീലേഖയുടെ വെളിപ്പെടുത്തലിൽ ഗൂഢാലോചനയുണ്ടോയെന്നും ക്രൈംബ്രാഞ്ച് പരിശോധിക്കും.