കൊച്ചി: സംസ്ഥാനത്ത് ജിംനേഷ്യം നടത്തുന്നതിന് ലൈസൻസ് നിർബന്ധമാക്കുന്നു. ജിംനേഷ്യത്തിന് മൂന്ന് മാസത്തിനകം ലൈസൻസ് ലഭിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജിംനേഷ്യങ്ങളുടെ പ്രവർത്തനം ആളുകളെ ആകർഷിക്കുന്ന രീതിയിലും നിയമപരവുമായിരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
1963ലെ കേരള പബ്ലിക് റിസോർട്ട്സ് ആക്ട് പ്രകാരം സംസ്ഥാനത്തെ എല്ലാ ജിംനേഷ്യങ്ങൾക്കും ലൈസൻസ് നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജിംനേഷ്യങ്ങൾ ആരംഭിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള ലൈസൻസ് നിർബന്ധമാണ്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ജിംനേഷ്യങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങൾ നോട്ടീസ് നൽകണം. നോട്ടീസ് ലഭിച്ച് മൂന്ന് മാസത്തിനകം ഇത്തരം സ്ഥാപനങ്ങൾ ലൈസൻസ് നേടണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
പ്രായഭേദമെന്യേ എല്ലാവർക്കും ജിംനേഷ്യം പള്ളികൾ പോലെയായി മാറിയെന്ന് ഹൈക്കോടതി പറഞ്ഞു. ആരോഗ്യകരമായ ജീവിതശൈലിയിലേക്കുള്ള മാറ്റത്തിന്‍റെ തെളിവാണിത്. അതിനാൽ, അവിടത്തെ അന്തരീക്ഷം ആളുകളെ ആകർഷിക്കുന്നതായിരിക്കണം. ഇവ നിയമാനുസൃതമായി പ്രവർത്തിപ്പിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.