കൊച്ചി: ലൈഫ് മിഷൻ ഭവന പദ്ധതിയിൽ നിന്ന് കമ്മിഷൻ ലഭിക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ വിദേശനിക്ഷേപം കൊണ്ടുവന്ന കേസിൽ നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സ്വപ്നയ്ക്ക് സിബിഐ നോട്ടീസ് നൽകിയിരുന്നു. ഇതാദ്യമായാണ് കേസുമായി ബന്ധപ്പെട്ട് സ്വപ്നയെ സിബിഐ ചോദ്യം ചെയ്യുന്നത്. കൂട്ടുപ്രതി പി എസ് സരിത്തിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു.
സ്വർണക്കടത്ത് കേസിൽ സംശയത്തിന്റെ നിഴലിൽ കഴിയുന്ന മുൻ യുഎഇ കോൺസുൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി ഇടനിലക്കാരനായി പ്രവർത്തിച്ച് കമ്മിഷൻ ഇടപാട് നടത്തിയെന്നാണ് സ്വപ്നയുടെയും പി എസ് സരിത്തിന്റെയും ആദ്യ മൊഴി. ഈ മൊഴികളിൽ കൂടുതൽ വ്യക്തത വരുത്താനും സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് ചില വിശദീകരണങ്ങൾ തേടാനുമാണ് സ്വപ്നയെ ചോദ്യം ചെയ്യുന്നത്.
സ്വർണക്കടത്ത് കേസിന്റെ അന്വേഷണത്തിനിടെയാണ് ലൈഫ് മിഷന് കോഴയിടപാടും ഡോളര്‍ കടത്തും പുറത്തുവന്നത്. ലൈഫ് മിഷന്റെ വടക്കാഞ്ചേരി പദ്ധതിക്കായി യുഎഇ കോൺസുലേറ്റ് വഴി 18.50 കോടി രൂപ സമാഹരിച്ചു. ഇതിൽ 14.50 കോടി രൂപ കെട്ടിട നിർമ്മാണത്തിനും ബാക്കി തുക സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായും വിനിയോഗിച്ചു എന്നാണ് കേസ്.