കീവ്: കിഴക്കൻ യുക്രൈനിൽ റഷ്യയുടെ റോക്കറ്റ് ആക്രമണം. 10 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ചെസിവ് യാർ നഗരത്തിലെ അഞ്ചുനില കെട്ടിടമാണ് റോക്കറ്റാക്രമണത്തിൽ തകർന്നത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ 36 പേർ കുടുങ്ങിക്കിടക്കുന്നതായി ഡോനെസ്ക് മേഖലയിലെ ഗവർണർ പാവ്ലോ കിറിലെങ്കോ പറഞ്ഞു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരുമായി രക്ഷാപ്രവർത്തകർ ബന്ധപ്പെടുന്നുണ്ട്.
ആറ് പേർ കൊല്ലപ്പെട്ടതായി യുക്രൈൻ ആദ്യം വിവരം പുറത്തുവിട്ടെങ്കിലും മരണസംഖ്യ 10 ആയി ഉയർന്നതായി അധികൃതർ പിന്നീട് പറഞ്ഞു. ആക്രമണം നടന്ന നഗരത്തിൽ ഇപ്പോൾ 12,000 പേരുണ്ട്. റഷ്യൻ സൈന്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ക്രാമറ്റോസ്ക് നഗരത്തിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയാണ് ചെസിവ് യാർ നഗരം സ്ഥിതി ചെയ്യുന്നത്.
2014 മുതൽ യുക്രൈൻ സേനയ്ക്കെതിരെയാണ് വിമതർ ഡൊനെസ്ക് നഗരത്തിൽ പോരാടുന്നത്. കഴിഞ്ഞയാഴ്ച, ലുഹാൻസ്കിലെ യുക്രൈയ്നിന്റെ പ്രതിരോധത്തിന്റെ കേന്ദ്രമായിരുന്ന ലിസിഷാൻസ്ക് റഷ്യ പിടിച്ചെടുത്തിരുന്നു. അതിനുശേഷം വീണ്ടും ആക്രമണം ആരംഭിക്കാൻ സമയമെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും റഷ്യ വേഗത്തിൽ ആക്രമണം ആരംഭിച്ചു.