ആലുവ: കിഴക്കൻ മേഖലയിൽ കനത്ത മഴയെ തുടർന്ന് പെരിയാറിലെ ജലനിരപ്പ് ഒന്നര മീറ്റർ ഉയർന്നു. പുഴ കലങ്ങി ഒഴുകുകയാണ്. വെള്ളത്തിലെ ചെളിയുടെ അളവ് 20 എൻടിയു ആണ്. ആലം, കുമ്മായം എന്നിവ ചേർത്ത് 5 എൻ.ടി.യുവിലേക്ക് ചുരുക്കിയാണ് ശുദ്ധജല വിതരണം നടത്തുന്നത്. ജലശുദ്ധീകരണ പ്ലാന്റിൽ ഉൽപാദനത്തിന് കുറവില്ല.
മണപ്പുറം മഹാദേവക്ഷേത്രത്തിന്റെ മുറ്റത്തേക്ക് വെള്ളം കയറിത്തുടങ്ങി. നടപ്പാലത്തിലേക്കു നയിക്കുന്ന പ്രദേശത്തും വെള്ളം കയറി. ഒഴുക്ക് കൂടിയതോടെ പുഴയിൽ കുളിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. ശ്രീകോവിലിന് സമീപം വെള്ളം കയറിയാൽ വിളക്കുകളും പൂജാ വസ്തുക്കളും മറ്റ് വസ്തുക്കളും മുകളിലത്തെ ക്ഷേത്രത്തിലേക്ക് മാറ്റാൻ നടപടി സ്വീകരിച്ചതായി ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.