ലഡാക്കിലെ ദ്രാസ് മേഖലയിലെ ഹിമാനികൾ വലിയ തോതിൽ ഉരുകിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് പൊല്യൂഷന്‍ റിസര്‍ച്ച് ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം കഴിഞ്ഞ 20 വർഷത്തിനിടയിലെ മാറ്റങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. പടിഞ്ഞാറൻ ഹിമാലയത്തിലെ ദ്രാസ് മേഖലയിലെ ഹിമാനികളുടെ വലുപ്പം 2000ൽ 176.77 ചതുരശ്ര കിലോമീറ്ററിൽ നിന്ന് 2020ൽ 171.46 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞു. അതായത്, കശ്മീരിലെ ഹിമാനികളുടെ മൊത്തം വിസ്തൃതിയിൽ മൂന്ന് ശതമാനം കുറവുണ്ടായി.
ഓരോ ഹിമാനികളും 0.24 ശതമാനത്തിനും 15 ശതമാനത്തിനും ഇടയിൽ ഉരുകിയിട്ടുണ്ട്. മഞ്ഞുരുകല്‍ തോത് ഉയര്‍ന്നതോടെ ഹിമാലയന്‍ മഞ്ഞുപാളികളും നിലനില്പ് ഭീഷണി നേരിടുകയാണ്. 1999ലെ കാർഗിൽ യുദ്ധകാലത്ത് ദ്രാസ് ഒരു പ്രധാന പ്രദേശം കൂടിയായിരുന്നു.
മഞ്ഞുപാളികളിൽ കാണപ്പെടുന്ന പാറകൾ പോലുള്ള മറ്റ് അവശിഷ്ടങ്ങളും ഐസ് ഉരുകുന്നതിന്റെ അളവുമായി അടുത്ത ബന്ധമുള്ളവയാണ്. പാറകളോ മറ്റ് നിക്ഷേപങ്ങളോ ഉള്ള ഹിമാനികളിൽ ഐസ് ഉരുകുന്നതിന്റെ നിരക്ക് മറ്റുള്ളവയുമായി താരതമ്യപ്പെടുത്തുമ്പോൾ കുറവാണ്. ശേഖരങ്ങള്‍ ഇല്ലാതെയുള്ള ഹിമാനികളിലെ മഞ്ഞുരുകല്‍ തോത് അഞ്ച് ശതമാനം കൂടുതല്‍ വേഗത രേഖപ്പെടുത്തി.