സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. വടക്കൻ ജില്ലകളിൽ ഈ ദിവസങ്ങളിൽ കൂടുതൽ മഴ ലഭിക്കും.
തീരപ്രദേശത്തും മലയോര മേഖലയിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. ഒഡീഷയ്ക്ക് മുകളിൽ ന്യൂനമർദ്ദ മേഖലയും ഗുജറാത്ത്-കർണാടക തീരങ്ങളിൽ ന്യൂനമർദ്ദ മേഖലയും രൂപപ്പെട്ടതാണ് മഴയുടെ പ്രധാന കാരണം. വരും ദിവസങ്ങളിലും മഴ തുടരും.
വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും ഹിമാലയൻ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്. മഹാരാഷ്ട്രയിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മറാത്ത്വാഡ, വിദർഭ മേഖലകളിലെ 128 ഗ്രാമങ്ങളുമായുള്ള ആശയവിനിമയം പൂർണ്ണമായും താറുമാറായി. പ്രദേശത്തെ 200 ഓളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.