കോഴിക്കോട്: ആർഎംപി നേതാവും വടകര എംഎൽഎയുമായ കെ കെ രമയെ ആക്ഷേപിച്ച എളമരം കരീം ദല്ലാൾ രാഷ്ട്രീയക്കാരൻ മാത്രമാണെന്ന് ആർഎംപി സംസ്ഥാന സെക്രട്ടറി എൻ വേണു. എളമരം കരീമിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ ഒറ്റുകാരന്റെ മുഖം മാത്രമേ വ്യക്തമാകൂ. മാവൂർ ഗ്വാളിയോർ റയോൺസ് ജീവിതകാലത്ത് ദരിദ്രനായിരുന്ന എളമരം കരീം ആരുടെ ദല്ലാൾ പണിയെടുത്താണ് എംപി സ്ഥാനം അലങ്കരിക്കുന്നതെന്ന് സിപിഎമ്മുകാർക്കുപോലും അറിയാം.
എളമരം കരീമിൽ നിന്ന് കേരളം വർഗ രാഷ്ട്രീയം പഠിക്കേണ്ടതില്ല. ടിപി വധവുമായി ബന്ധപ്പെട്ട എല്ലാവർക്കും പിണറായി പാർട്ടിയിൽ വിവിധ പദവികൾ നൽകിയിട്ടുണ്ട്. കരീമിനും കിട്ടി. നിയമസഭയിൽ പിണറായി വിജയനുമായി മുഖാമുഖം നിന്ന് രമ ജനാധിപത്യത്തിന്റെ പ്രതിഷേധ സ്വരമുയർത്തുമ്പോൾ അതിൽ പരിഭ്രമിച്ചിട്ട് കാര്യമില്ല. പിണറായി നൽകിയ ഉപകാര സ്മരണയ്ക്കു നന്ദി അറിയിക്കുകയാണ് ആർ.എം.പിയെ അവഹേളിക്കുന്നത് വഴി എളമരം കരീം ചെയ്യുന്നതെന്നും വേണു പറഞ്ഞു.