നോയിഡ: ജന്മദിനാഘോഷത്തിനായി മെട്രോ സ്റ്റേഷനിലേക്ക് ആരാധകരെ അണിനിരത്തി തിക്കുംതിരക്കും സൃഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് യൂട്യൂബറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫ്ളൈയിംഗ് ബീസ്റ്റ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമ ഗൗരവ് തനേജയാണ് അറസ്റ്റിലായത്.
നോയിഡയിലെ സെക്ടർ 51 മെട്രോ സ്റ്റേഷനിൽ വച്ച് ഗൗരവിന്റെ ജൻമദിനം ആഘോഷിക്കുമെന്ന് ഭാര്യ റിതു രതീ തനേജ ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരുന്നു. തുടർന്ന്, ആയിരക്കണക്കിന് ആരാധകർ ഗൗരവിനെ കാണാൻ മെട്രോ സ്റ്റേഷനിലേക്ക് ഒഴുകിയെത്തി. ഇതോടെ മെട്രോ സ്റ്റേഷനിലും പരിസരത്തും തിരക്ക് വർദ്ധിക്കുകയും വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകുകയും ചെയ്തു.
തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റു. യാത്രക്കാർക്കും അസൗകര്യമുണ്ടായി. ആളുകളെ നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ മെട്രോ അധികൃതർ പൊലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി ആളുകളെ ഒഴിപ്പിക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു. ഇതേതുടർന്നാണ് ഗൗരവിനെതിരെ പൊലീസ് കേസെടുത്തത്.