വിശ്വാസമുള്ള മറ്റ് മതസ്ഥരെ ക്ഷേത്രദർശനത്തിൽ നിന്ന് വിലക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. കന്യാകുമാരി തിരുവട്ടാറിലെ ആദികേശവ പെരുമാൾ ക്ഷേത്രത്തിലെ കുംഭാഭിഷേകവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം.
ജസ്റ്റിസുമാരായ പി. എൻ പ്രകാശ്, ഹേമലത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. യേശുദാസിന്‍റെ ഭക്തിഗാനങ്ങൾ ക്ഷേത്രങ്ങളിൽ വെയ്ക്കുന്നുണ്ടല്ലോ. മുസ്ലീം ആരാധനാലയമായ നാഗോർ ദർഗയിലും ക്രിസ്ത്യൻ ആരാധനാലയമായ വേളാങ്കണ്ണി പള്ളിയിലും പ്രാർത്ഥനയ്ക്കായി ധാരാളം ഹിന്ദുക്കൾ എത്താറുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
കുംഭാഭിഷേകത്തിൽ ക്രിസ്ത്യാനിയായ മന്ത്രിയെ പങ്കെടുപ്പിച്ചതിനെതിരെ സി സോമൻ എന്നയാളാണ് കോടതിയിൽ ഹർജി നൽകിയത്. കഴിഞ്ഞ ദിവസം തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തിൽ നടന്ന കുംഭാഭിഷേക ചടങ്ങിൽ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. മന്ത്രിമാർ ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.