ടോക്യോ: മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലയാളി ടെറ്റ്സുയ യമഗാമി നേരത്തെ ഒരു മതനേതാവിനെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി പോലീസ്. അമ്മയെ സാമ്പത്തിക ബാധ്യതയിലാക്കിയ മതനേതാവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി ടെറ്റ്സുയ യമഗാമി പൊലീസിനോട് പറഞ്ഞു.
എന്നാൽ, ആബെയുടെ രാഷ്ട്രീയ നിലപാടുകളോടുള്ള എതിർപ്പാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന ചോദ്യം പ്രതി നിഷേധിച്ചു. ആബെയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഒരു പ്രത്യേക സംഘത്തോട് പ്രതിക്ക് വിരോധമുണ്ടായിരുന്നെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും റിപ്പോർട്ടുണ്ട്. ഈ സംഘം ഒരു മതവിഭാഗമായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ആബെ വെടിയേറ്റ് മരിച്ചത്. പ്രതിയെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്വയം നിർമ്മിച്ച തോക്ക് ഉപയോഗിച്ചാണ് പ്രതി കുറ്റകൃത്യം നടത്തിയത്. ജാപ്പനീസ് മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്സിലെ മുൻ അംഗമാണ് ടെറ്റ്സുയ യമഗാമി.