കാഞ്ഞങ്ങാട്: മുൻ എം.എൽ.എ കെ.കുഞ്ഞിരാമന്‍റെ പള്ളിക്കര ആലക്കോട്ടെ വീട്ടിൽ നിന്ന് ചന്ദനമരം കടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. ചട്ടഞ്ചാൽ സ്വദേശി റഷീദ്, കാഞ്ഞങ്ങാട് കൊളവയൽ സ്വദേശി അബ്ദുള്ള എന്നിവരെയാണ് ബേക്കൽ ഇന്‍സ്പെക്ടര്‍ യു പി വിപിൻ അറസ്റ്റ് ചെയ്തത്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പ്രതികളെ കുടുക്കിയത്. കാഞ്ഞങ്ങാട് വെച്ചാണ് ഇരുവരും പിടിയിലായത്. ഇവരിൽ നിന്ന് മോഷ്ടിച്ച ചന്ദനവും കണ്ടെടുത്തു.
സിപിഎം നേതാവ് കെ കുഞ്ഞിരാമന്‍റെ വീടിന് സമീപമുള്ള ഒരു ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ചന്ദനമരം വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് നാലംഗ സംഘം മുറിച്ചു കടത്തിയത്. ഈ സമയത്ത് കനത്ത മഴ പെയ്തിരുന്നതിനാൽ മരങ്ങൾ മുറിക്കുന്ന ശബ്ദം വീട്ടുകാർ കേട്ടില്ല. ചന്ദനമരം മുറിച്ച് കടത്തിയതായി രാവിലെയാണ് കണ്ടെത്തിയത്.
ഇതേതുടർന്ന് ബേക്കൽ എസ്.ഐ എം.രജനീഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീട്ടിലെ കവർച്ചാ സംഘത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ അന്വേഷണത്തിന് സഹായകമായി. വാളും ആയുധങ്ങളുമായി നാലുപേർ വീടിനു മുന്നിൽ നടക്കുന്നതായാണ് ദൃശ്യങ്ങളിൽ കണ്ടത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന സംഭവസ്ഥലം സന്ദർശിച്ചിരുന്നു. കെ കുഞ്ഞിരാമന്‍റെ മകൻ പി വി പത്മരാജന്‍റെ പരാതിയിലാണ് കേസെടുത്തത്.