മലപ്പുറം: പറക്കുമ്പോൾ ഉറങ്ങാൻ കഴിയുന്ന ‘വിഐപി’ പക്ഷി കഴിഞ്ഞ ദിവസം മഞ്ചേരിയിലെത്തിയതായി റിപ്പോർട്ട്. അപൂർവമായി കരയിൽ എത്തുന്ന ദേശാടനപക്ഷിയായ സ്റ്റൂയി ടെർൻ(കടല്‍ ആള) കഴിഞ്ഞ ദിവസമാണ് മഞ്ചേരി ചെറുകുളത്തെ വലിയ പാറക്കുന്നിൽ എത്തിയത്. പ്രശസ്ത പക്ഷിനിരീക്ഷകനും വന്യജീവി ഫോട്ടോഗ്രാഫറുമായ ശബരി ജാനകി ഇതിന്റെ ചിത്രങ്ങൾ പകർത്തി. “നല്ല മഴയിൽ ചിറകുകൾ നനഞ്ഞതിനാൽ പക്ഷി പാറയിൽ വിശ്രമിക്കാൻ വന്നതായിരിക്കാം,” ശബരി ജാനകി പറഞ്ഞു.
ഇവയുടെ ശരാശരി ആയുർദൈർഘ്യം 30 വർഷമാണ്. ഇവ തുടർച്ചയായി നാലോ അഞ്ചോ വർഷം കടലിനു മുകളിലൂടെ പറക്കുന്നു. ഈ കാലയളവിൽ, മുട്ടയിടാനും കുഞ്ഞുങ്ങളെ വിരിയിക്കാനും മാത്രമാണ് അവർ കരയിൽ വരുന്നത്. അതിനു ശേഷവും യാത്ര തുടരും. കടൽ മത്സ്യങ്ങളാണ് പ്രധാന ഭക്ഷണം.
ഉൾക്കടലിലെ ജനവാസമില്ലാത്ത ദ്വീപുകളിലെ പാറക്കെട്ടുകളുള്ള പ്രദേശങ്ങളിലാണ് മുട്ടകൾ ഇടുന്നത്. വർഷങ്ങളോളം തുടർച്ചയായി പറക്കുമ്പോൾ ഈ പക്ഷികൾക്ക് വിശ്രമം ആവശ്യമാണ്. അതുകൊണ്ടാണ് ഉറക്കത്തിൽ പറക്കുന്നത്. കൃത്യമായ ഇടവേളകളിൽ രണ്ടോ മൂന്നോ സെക്കൻഡ് ഉറങ്ങും. 2016 ൽ നേച്ചർ ജേണലിൽ ഇങ്ങനെ ഉറങ്ങുന്ന ഫ്രിംഗറ്റ് പക്ഷികളെക്കുറിച്ച് ഒരു പഠനം പ്രസിദ്ധീകരിച്ചു. തലച്ചോറിന്‍റെ ഒരു ഭാഗം വിശ്രമിക്കുകയും മറ്റേ ഭാഗം മാത്രം ഉപയോഗിക്കുകയും ചെയ്താണ് സ്ലീപ്പിംഗ് ഫ്ലൈറ്റ് നടത്തുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.