Spread the love

മൂവാറ്റുപുഴ: ഉന്നതരുടെ പേരിലടക്കം വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പണം തട്ടുന്ന സംഭവങ്ങൾ വർധിച്ചു വരികയാണ്. കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കലിന്‍റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി എഴുപതോളം പേരിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചു. സൈബർ സെല്ലിലും ഫെയ്സ്ബുക്കിന്‍റെ ഔദ്യോഗിക സംവിധാനത്തിലും പരാതി നൽകിയെങ്കിലും സുഹൃത്തുക്കൾക്ക് വീണ്ടും പണം ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചു. വ്യാജ അക്കൗണ്ട് നീക്കം ചെയ്യുന്നതിലെ കാലതാമസമാണ് കാരണം.

സാങ്കേതിക തകരാർ മൂലമാണ് ഇത് വൈകുന്നതെന്നും വ്യാജ അക്കൗണ്ട് ഉടൻ നീക്കം ചെയ്യുമെന്നും ഫേസ്ബുക്ക് അധികൃതർ അറിയിച്ചിട്ടുണ്ടെന്നും ഗോപി കോട്ടമുറിക്കൽ പറഞ്ഞു. ഇത്തരം സംഭവങ്ങളിൽ സൈബർ സെൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കഴിയാത്തതാണ് തട്ടിപ്പുകൾ വർദ്ധിക്കാൻ കാരണം. പ്രൊഫസർ എം.കെ.സാനുവിനൊപ്പമുള്ള ഫെയ്സ്ബുക്ക് ചിത്രവും ഗോപി കോട്ടമുറിക്കലിന്‍റെ ഏറ്റവും പുതിയ ചിത്രവും വ്യാജ എഫ്.ബി അക്കൗണ്ടിൽ ഉൾപ്പെടുന്നു.

സാമ്പത്തിക സഹായം അയയ്ക്കാൻ 7074137041 എന്ന ഫോൺ പേ നമ്പറും നൽകിയിട്ടുണ്ട്. എന്നാൽ, സന്ദേശം ലഭിച്ച ആരും പണം നൽകി തട്ടിപ്പിന് ഇരയായിട്ടില്ലെന്ന് ഗോപി കോട്ടമുറിക്കൽ പറഞ്ഞു. ധനമന്ത്രി കെ.എൻ. ബാലഗോപാലിന്‍റേതടക്കം വ്യാജ എഫ്ബി അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയ സംഭവങ്ങൾ ഉണ്ടായിട്ടും ചുരുക്കം ചിലർ മാത്രമാണ് അറസ്റ്റിലായത്.

By newsten