കൊച്ചി: ലക്ഷദ്വീപിൽ ഒരു രോഗി കൂടി എയർ ആംബുലൻസ് കിട്ടാതെ മരിച്ചു. ഇതോടെ ദ്വീപിൽ നിന്ന് കൊച്ചിയിലേക്ക് കഴിഞ്ഞ നാലാഴ്ചയ്ക്കിടെ ഹെലികോപ്റ്റർ സർവീസ് ലഭ്യമല്ലാതെ മരിച്ച രോഗികളുടെ എണ്ണം മൂന്നായി. തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗത്തി സ്വദേശി സയ്യിദ് മുഹമ്മദാണ് ഇന്നലെ രാവിലെ മരിച്ചത്.
വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെത്തിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചതിനെ തുടർന്ന് നാലു ദിവസമായി രോഗിയുടെ ബന്ധുക്കൾ കാത്തിരിക്കുകയായിരുന്നു. എന്നാൽ, ഹെലികോപ്റ്റർ സൗകര്യം അഡ്മിനിസ്ട്രേഷൻ നൽകിയില്ലെന്നാണ് പരാതി.