ടോക്യോ: ഒരു പൊതുപരിപാടിക്കിടെ വെടിയേറ്റ മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ നില ഗുരുതരം. വെടിയേറ്റയുടൻ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായെന്നും ശുഭകരമായ സൂചനകളൊന്നും കാണിക്കുന്നില്ലെന്നുമാണ് വിവരം.
നരാ പട്ടണത്തിൽ ഒരു പ്രചാരണ പരിപാടിയിൽ സംസാരിക്കവെയാണ് ഷിൻസോ ആബെയ്ക്ക് വെടിയേറ്റത്. പ്രാദേശിക സമയം രാവിലെ 11.30 ഓടെയാണ് സംഭവം. പ്രസംഗത്തിനിടെ 40 കാരനായ ഒരാൾ ആബെയുടെ പിന്നിൽ നിന്ന് വന്ന് വെടിയുതിർക്കുകയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളിൽ നിന്ന് വെടിവയ്പ്പിന് ഉപയോഗിച്ച തോക്കും കണ്ടെടുത്തു.
രണ്ട് തവണ വെടിയൊച്ച കേട്ടതായി സംഭവസ്ഥലത്തുണ്ടായിരുന്നവർ റിപ്പോർട്ട് ചെയ്തു. ആബെയുടെ പിന്നിൽ നിന്ന് വന്നയാളാണ് വെടിയുതിർത്തതെന്ന് വെടിവയ്പിന് ദൃക്സാക്ഷിയായ സ്ത്രീ പറഞ്ഞു.