തൃശൂർ: കുട്ടികളുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം അനുവദിക്കരുതെന്ന് പോലീസ് കോടതിയിൽ. പ്രതി മുമ്പും സമാനമായ കുറ്റം ചെയ്തിട്ടുണ്ടെന്നും ജാമ്യം തെറ്റായ സന്ദേശം നൽകുമെന്നും പൊലീസ് കോടതിയെ അറിയിച്ചു. ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷയിൽ തൃശൂർ സിജെഎം കോടതിയിൽ വാദം പൂർത്തിയായി. താരത്തിന് സൈക്കോതെറാപ്പി ചികിത്സ നൽകുന്നുണ്ടെന്ന് പ്രതിഭാഗം പറഞ്ഞു.
കേസിൽ ഇന്ന് രാവിലെയാണ് ശ്രീജിത്ത് രവിയെ തൃശൂർ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടികൾ നൽകിയ പരാതിയിൽ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തൃശൂർ അയ്യന്തോൾ എസ്എൻ പാർക്കിൽ ജൂലൈ നാലിന് വൈകുന്നേരമാണ് സംഭവം. 14 ഉം 9 ഉം വയസ്സുള്ള കുട്ടികളുടെ മുന്നിലാണ് നഗ്നതാ പ്രദർശനം നടത്തിയത്.
പാർക്കിന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ അറിയാമെന്ന് കുട്ടികൾ പൊലീസിനോട് പറഞ്ഞിരുന്നു. കാറിന്റെ വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. നേരത്തെ സമാനമായ കേസിൽ ശ്രീജിത്ത് രവിയെ പാലക്കാട് നിന്ന് അറസ്റ്റ് ചെയ്തിരുന്നു.