ദില്ലി: രാജ്യത്ത് ഭക്ഷ്യ എണ്ണയുടെ ചില്ലറ വിൽപ്പന വില അടുത്ത കുറച്ച് ആഴ്ചകൾക്കുള്ളിൽ കുറയാൻ സാധ്യത. ഭക്ഷ്യ എണ്ണ വ്യവസായികൾ ലിറ്ററിന് 10-15 രൂപയെങ്കിലും കുറയ്ക്കുമെന്ന് കേന്ദ്ര സർക്കാരിന് ഉറപ്പ് നൽകിയതായി വ്യാപാര വൃത്തങ്ങൾ അറിയിച്ചു. ഭക്ഷ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വില കുറയുമെന്ന് ഉറപ്പ് നൽകിയത്.
രാജ്യത്തുടനീളമുള്ള പാചക എണ്ണകളുടെ പരമാവധി ചില്ലറ വില (എംആർപി) ഒരേപോലെ നിലനിർത്താൻ ഭക്ഷ്യ എണ്ണ വ്യവസായികളോട് ഭക്ഷ്യ സെക്രട്ടറി സുധാൻഷു പാണ്ഡെ ആവശ്യപ്പെട്ടു. നിലവിൽ വിവിധ സോണുകളിൽ ലിറ്ററിൻ 3 മുതൽ 5 രൂപ വരെ വ്യത്യാസമുണ്ട്.
ബ്രാൻഡുകൾക്കനുസരിച്ച് ചില്ലറ വിൽപ്പന വില ഇതിനകം ലിറ്ററിന് 10-20 രൂപ കുറച്ചിട്ടുണ്ടെന്നും വരും ആഴ്ചകളിൽ ലിറ്ററിന് 10-15 രൂപ കുറയ്ക്കുമെന്നും ഭക്ഷ്യ എണ്ണ വ്യവസായികൾ അറിയിച്ചു. സാധനങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനാൽ ഒറ്റരാത്രികൊണ്ട് വില കുറയ്ക്കുന്നത് പ്രവർത്തിക്കില്ല, അതിന് സമയമെടുക്കും,” സോൾവന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എസ്ഇഇഎ) എക്സിക്യൂട്ടീവ് ഡയറക്ടർ ബി വി മേത്തയെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.