വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ഇ.പി ജയരാജനെതിരെ കേസെടുക്കില്ല. മുഖ്യമന്ത്രി രേഖാമൂലം ഇക്കാര്യം നിയമസഭയെ അറിയിച്ചു. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ജയരാജൻ തടയാൻ ശ്രമിക്കുകയായിരുന്നു. കോടതിയിലോ പോലീസിലോ അത്തരം ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല. കുറ്റകൃത്യത്തിന്റെ ഗൗരവം കുറയ്ക്കാനാണ് പ്രതികളുടെ നീക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജൂൺ 13ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള മുഖ്യമന്ത്രിയുടെ വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്തപ്പോഴായിരുന്നു പ്രതിഷേധം. യൂത്ത് കോണ്ഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി ആർ.കെ നവീൻ കുമാറും മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദുമാണ് ‘മുഖ്യമന്ത്രി രാജിവയ്ക്കുക’ എന്ന മുദ്രാവാക്യം ഉയർത്തിയത്. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ ഇവരെ സീറ്റുകൾക്കിടയിൽ തള്ളിയിട്ടു.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ക്രിമിനൽ ഗൂഡാലോചന, വിമാനത്തിന്റെ സുരക്ഷയ്ക്ക് വിരുദ്ധമായ രീതിയിൽ അക്രമം നടത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തത്. എന്നാൽ, ഇവരെ തള്ളിയിട്ട ഇ.പി. ജയരാജനെതിരെ കേസെടുത്തിരുന്നില്ല.