കൊച്ചി: സർക്കാരിന്റെ ആഡംബര കപ്പൽ ഈ അവധിക്കാലത്ത് റെക്കോർഡ് വരുമാനം രേഖപ്പെടുത്തി. മെയ് മാസത്തിൽ മാത്രം ഒരു കോടി രൂപ വരുമാനം നേടിയ ആഢംബര കപ്പൽ നെഫ്രിറ്റിറ്റി കൊച്ചിയിലെത്തുന്ന ടൂറിസ്റ്റുകൾക്ക് സവിശേഷമായ ഒരു യാത്രാ അനുഭവമാണ്.
ടൂറിസം മേഖലയിൽ കെ.എസ്.ഐ.എൻ.സി നടത്തിയ പുതിയ പരീക്ഷണമായ നെഫ്രിറ്റിറ്റി പുതിയ ചരിത്രം സൃഷ്ടിച്ചു. മെയ് മാസത്തിൽ മാത്രം, 30ലധികം ട്രിപ്പുകൾ പൂർത്തിയാക്കുകയും ഒരു കോടിയിലധികം രൂപ വരുമാനം നേടുകയും ചെയ്ത കപ്പലിലെ, ഈ സീസണിൽ എല്ലാ ട്രിപ്പുകളും ഫുൾ ബുക്കിങ് ആയിരുന്നു.
വ്യക്തിഗത ടിക്കറ്റ് യാത്രകൾക്കൊപ്പം ബിസിനസ്സ് മീറ്റിംഗുകൾ, വിവാഹ ചടങ്ങുകൾ, മറ്റ് ആഘോഷങ്ങൾ എന്നിവയ്ക്കായി ക്രൂയിസിലെ ഹാൾ വാടകയ്ക്ക് നൽകും. 48 മീറ്റർ നീളവും 15 മീറ്റർ വീതിയുമുള്ള മിനി ക്രൂയിസ് കപ്പൽ നെഫ്രിറ്റിറ്റിയിൽ 200 പേർക്ക് ഇരിക്കാവുന്ന ഒരു ഹാൾ, ഒരു റെസ്റ്റോറന്റ്, കുട്ടികൾക്കുള്ള കളിസ്ഥലം, സൺഡേക്ക് ലോഞ്ച്, ബാർ, ത്രീഡി തിയേറ്റർ എന്നിവയുണ്ട്.