ടിബറ്റ് : ടിബറ്റൻ പീഠഭൂമിയിലെ ഹിമപ്പരപ്പുകൾക്കുള്ളിൽ ആയിരത്തോളം തരം അജ്ഞാത സൂക്ഷ്മാണുക്കൾ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഉയർന്ന നിരക്കിൽ എത്തിയാൽ, ഈ മഞ്ഞുപാളികൾ ഉരുകുകയും ഇവ പുറത്തെത്തുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഇവയിൽ ചിലതിനു മാരകമായ പകർച്ചവ്യാധികൾ സൃഷ്ടിക്കാനുള്ള കഴിവുണ്ട്.
ഹിമാലയൻ പർവതനിരകൾക്കും തക്ലമാക്കാൻ മരുഭൂമിക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ടിബറ്റൻ പീഠഭൂമിയിലെ 21 ഹിമാനികളിൽ നിന്ന് ചൈനയിലെ ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ശാസ്ത്രജ്ഞർ സൂക്ഷ്മാണു സാമ്പിളുകൾ ശേഖരിച്ചു. ഇത് പിന്നീട് ഡിഎൻഎ സീക്വൻസിംഗ് എന്ന പ്രക്രിയയ്ക്ക് വിധേയമായി. ഇതാദ്യമായാണ് ശാസ്ത്രജ്ഞർ മഞ്ഞിനുള്ളിൽ സ്ഥിതിചെയ്യുന്ന സൂക്ഷ്മാണുക്കളെ ജനിതക ശ്രേണീകരണത്തിനു വിധേയമാക്കുന്നത്.
സീക്വൻസിംഗിനു ശേഷം ശേഖരിച്ച വിവരങ്ങൾ ടിബറ്റൻ ഹിമാനി ജീനോം ആൻഡ് ജീൻ (ടിജി 2 ജി) കാറ്റലോഗ് ആയി രൂപപ്പെട്ടു. പഠനത്തിന്റെ ഭാഗമായി 968 സൂക്ഷ്മാണുക്കളെ ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗവും ബാക്ടീരിയകളാണ്. ആൽഗകൾ, ഫംഗസ് എന്നിവയും ഉണ്ട്. ഇതിൽ 98 ശതമാനം സൂക്ഷ്മാണുക്കളും ശാസ്ത്രലോകത്തിന് പുതിയവയാണ്.