Spread the love

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് സർക്കാരിലെ രണ്ട് മന്ത്രിമാർ രാജിവെച്ചു. പ്രധാനമന്ത്രി സ്വീകരിച്ച നിലപാടിനോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചാണ് മന്ത്രിമാരുടെ രാജി. ധനമന്ത്രി ഋഷി സുനക്, ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് എന്നിവരാണ് രാജിക്കത്ത് നൽകിയത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി വിവാദങ്ങളിൽ അകപ്പെട്ട ബോറിസ് ജോൺസൺ മന്ത്രിമാരുടെ രാജിയിൽ വിശദീകരണം തേടും.

ലൈംഗികാരോപണം നേരിടുന്ന ക്രിസ് പിഞ്ചറിനെ ചീഫ് വിപ്പായി നിയമിച്ചതിൽ ബോറിസ് ജോൺസൺ പരക്കെ വിമർശിക്കപ്പെട്ടിരുന്നു. ക്രിസ് പിഞ്ചറിനെതിരെ ലൈംഗികാരോപണം ഉയർന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ നടപടി. പ്രധാനമന്ത്രി ബോറിസ് ജോൺസൺ പിന്നീട് രാജ്യത്തോട് ക്ഷമാപണം നടത്തിയെങ്കിലും പ്രതിഷേധം ഇതുവരെ ശമിച്ചിട്ടില്ല.

ഈ സാഹചര്യത്തിലാണ് മന്ത്രിമാരുടെ രാജി ഭരണപ്രതിസന്ധി രൂക്ഷമാക്കിയത്. ആരോഗ്യ സെക്രട്ടറി സ്ഥാനം രാജിവയ്ക്കാൻ പ്രധാനമന്ത്രിയുമായി സംസാരിച്ചതായി ജാവേദ് ട്വീറ്റ് ചെയ്തു. “നല്ല മനസാക്ഷിയോടെ ഈ സർക്കാരിൽ തുടരാൻ കഴിയില്ലെന്ന് ഞാൻ വളരെ ഖേദത്തോടെ അറിയിക്കുന്നു,” ജാവേദ് ട്വിറ്ററിൽ കുറിച്ചു. “ഞാൻ അന്തർലീനമായി ഒരു ടീം കളിക്കാരനാണ്, പക്ഷേ ബ്രിട്ടീഷ് ജനത അവരുടെ സർക്കാരിൽ നിന്ന് സത്യസന്ധത പ്രതീക്ഷിക്കുന്നു.” – അദ്ദേഹം എഴുതി.

By newsten