Spread the love

മലപ്പുറം: ചെലവ് കുറഞ്ഞ ടൂറിസം പദ്ധതിയായ ‘ഉല്ലാസയാത്ര’യുടെ വിജയത്തിന് പിന്നാലെ കർക്കടക മാസത്തിൽ നാലമ്പല ദർശന സൗകര്യമൊരുക്കി കെ.എസ്.ആർ.ടി.സി. തൃശ്ശൂർ ജില്ലയിലെ നാലമ്പലങ്ങളായ തൃപ്രയാർ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മൽ ശത്രുഘ്നക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് യാത്ര. സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്ന് ട്രിപ്പുകൾ സംഘടിപ്പിക്കും.

കർക്കടകം ഒന്നിന് ആരംഭിക്കുന്ന യാത്ര കർക്കടകം 31 (ഓഗസ്റ്റ് 16) വരെ തുടരും. നാലമ്പല ദർശനത്തിന്‍റെ പ്രാധാന്യവും ക്ഷേത്രങ്ങളുടെ ഹ്രസ്വ വിവരണങ്ങളും അടങ്ങിയ ഡിജിറ്റൽ ലഘുലേഖ കെ.എസ്.ആർ.ടി.സി പുറത്തിറക്കി. നാലമ്പല റൂട്ട് മാപ്പ്, ദർശന ഷെഡ്യൂൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ ജില്ലകളിലെ തീർഥാടന പാക്കേജ് ബുക്കിംഗ് നമ്പറുകളും ഇതിൽ ചേർത്തിട്ടുണ്ട്. മതിയായ എണ്ണം തീർത്ഥാടകരെ ലഭ്യമാകുന്ന മുറയ്ക്ക് യാത്രകൾ ആസൂത്രണം ചെയ്യും. 

By newsten