തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരായ വിവാദ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ നിർണായക നീക്കവുമായി സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എകെജി സെന്ററിലെത്തി. സിപിഎം നേതാക്കൾ എജിയുമായും മറ്റും ചർച്ച നടത്തി. മന്ത്രിയുടെ രാജി ഒഴിവാക്കാനുള്ള വഴികൾ തേടുകയാണ് സർക്കാർ. എകെജി സെന്ററിലാണ് സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്. മന്ത്രി സജി ചെറിയാൻ യോഗത്തിൽ പങ്കെടുക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. മന്ത്രിയുടെ പരാമർശത്തിൽ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
സജി ചെറിയാനെതിരായ പ്രതിപക്ഷ ബഹളത്തെ തുടർന്ന് എട്ട് മിനിറ്റ് മാത്രമാണ് ഇന്ന് നിയമസഭ സമ്മേളിക്കാൻ കഴിഞ്ഞത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്ലക്കാർഡുകൾ ഉയർത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതിനെ തുടർന്ന് സ്പീക്കർ എം ബി രാജേഷ് സഭ ഇന്നത്തേക്ക് നിർത്തിവച്ചതായി പ്രഖ്യാപിച്ചിരുന്നു. ഈ നീക്കത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സ്പീക്കറെ കാണും.
ഇന്ത്യൻ ഭരണഘടന എഴുതിയത് ഇന്ത്യക്കാരാണെന്നും ജനങ്ങളെ കൊള്ളയടിക്കാൻ ഉദ്ദേശിച്ചുള്ള ഭരണഘടനയാണെന്നും സാംസ്കാരിക മന്ത്രി സജി ചെറിയാൻ പത്തനംതിട്ട മല്ലപ്പള്ളിയിൽ ഞായറാഴ്ച വിവാദ പരാമർശം നടത്തിയിരുന്നു. പ്രസംഗത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ ദിവസം മന്ത്രി നിയമസഭയിൽ ഖേദം പ്രകടിപ്പിച്ചിരുന്നു.