കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിട നമ്പറിലെ ക്രമക്കേട് സംബന്ധിച്ച അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. എന്നാൽ വലിയ തോതിലുള്ള സാമ്പത്തിക ക്രമക്കേടുകൾ നടന്നതിനാൽ വിജിലൻസിനെയോ മറ്റ് ഏജൻസികളെയോ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ പൊലീസ് മേധാവിക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന്ൻ കൈമാറിയത്.
ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ അനിൽ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള 16 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. നിലവിൽ കസ്റ്റഡിയിലുള്ള നാല് പ്രതികളെയും പൊലീസ് കോടതിയിൽ ഹാജരാക്കും.
കോഴിക്കോട് കോർപ്പറേഷനിൽ നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങിയാണ് ഇടനിലക്കാർ വഴി കെട്ടിട നമ്പർ വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസമാദ്യമാണ് ക്രമക്കേട് നടന്നതെന്നാണ് വിവരം. കോർപ്പറേഷനിൽ വൻ തട്ടിപ്പാണ് നടന്നത്. സെക്രട്ടറിയുടെ പാസ് വേഡ് ചോർത്തി പൊളിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടങ്ങൾക്ക് ഉദ്യോഗസ്ഥർ നമ്പർ നൽകി. സംഭവത്തിൽ കോഴിക്കോട് ടൗൺ പോലീസ് കേസെടുത്തു. കോർപ്പറേഷൻ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വ്യാജ രേഖ ചമയ്ക്കൽ, ഐടി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.