Spread the love

ലണ്ടൻ: ബ്രിട്ടനിലെ ബോറിസ് ജോൺസൻ സർക്കാരിനെ പ്രതിസന്ധിയിലാക്കി ഇന്ത്യൻ വംശജനായ ധനമന്ത്രി ഋഷി സുനക്കും പാക് വംശജനായ ആരോഗ്യമന്ത്രി സാജിദ് ജാവിദും രാജിവച്ചു. പ്രധാനമന്ത്രിയെന്ന നിലയിൽ ബോറിസ് ജോൺസന്‍റെ പ്രവർത്തനങ്ങളിൽ അതൃപ്തി അറിയിച്ചുകൊണ്ടാണ് ഇരുവരും രാജിവച്ചത്. ഇൻഫോസിസ് സ്ഥാപക ചെയർമാൻ നാരായണമൂർത്തിയുടെ മരുമകൻ കൂടിയാണ് രാജിവച്ച ഋഷി സുനക്.

ബോറിസ് മന്ത്രിസഭയിലെ ഒരു അംഗത്തിനെതിരെ ലൈംഗികാരോപണം ഉയർന്നത് വിവാദമായിരുന്നു. മുന്നറിയിപ്പ് അവഗണിച്ച് ഇയാളെ സർക്കാരിൽ സുപ്രധാന സ്ഥാനത്തേക്ക് പരിഗണിച്ചത് ബോറിസിന്റെ വീഴ്ചയാണെന്നാണ് രാജിവച്ച മന്ത്രിമാരുടെ നിലപാട്. ബോറിസ് ജോൺസൺ ക്ഷമാപണം നടത്തിയെങ്കിലും മന്ത്രിമാർ വഴങ്ങാതെ രാജിവച്ചു.

ബോറിസിന് ഇനി മികച്ച രീതിയിൽ മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന പ്രഖ്യാപനത്തോടെ ആരോഗ്യമന്ത്രി സാജിദ് ജാവിദാണ് ആദ്യം രാജി പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ ഋഷി സുനക്കും മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതായി ട്വിറ്ററിലൂടെ അറിയിച്ചു. സർക്കാരിൽ നിന്ന് പിൻവാങ്ങിയതിൽ സങ്കടമുണ്ടെന്നും എന്നാൽ ഇത്തരത്തിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്നും സുനക് രാജിക്കത്തിൽ പറയുന്നു. ബോറിസ് സർക്കാരിനെ പ്രതിസന്ധിയിലാക്കി കൂടുതൽ മന്ത്രിമാർ രാജിയിലേക്ക് നീങ്ങുകയാണെന്നാണ് ബ്രിട്ടനിൽ നിന്നുള്ള റിപ്പോർട്ടുകൾ.

By newsten