തിരുവനന്തപുരം: ഭരണഘടനയെക്കുറിച്ചുള്ള തന്റെ പരാമർശം തെറ്റാണെന്ന് മന്ത്രി സജി ചെറിയാൻ സമ്മതിക്കണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ഇതെല്ലാം ഭരണഘടനയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ വേണ്ടി ചെയ്തതാണെന്നാണ് മന്ത്രി തന്റെ വിശദീകരണത്തിൽ പറയുന്നത്. തന്റെ പരാമർശം ശരിയാണെന്ന ഉറച്ച നിലപാട് മന്ത്രി ഇപ്പോഴും സ്വീകരിക്കുന്നത് ശരിയല്ലെന്നും കുമ്മനം പറഞ്ഞു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിനിധി സംഘം ഗവർണറെ കാണാൻ എത്തിയപ്പോൾ രാജ്ഭവൻ മുന്നിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിയുടേത് നാക്കുപിഴയാണെന്നാണ് സിപിഎം നേതാവ് എംഎ ബേബി പറഞ്ഞത്. നാക്കു പിഴയാണെങ്കില്‍ പറഞ്ഞത് തെറ്റാണെന്നാണ് അര്‍ഥം. അങ്ങനെ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത്തരമൊരു പരാമര്‍ശം നടത്തിയ ആള്‍ക്കെതിരേ നടപടി സ്വീകരിക്കണം. മല്ലപ്പള്ളി പോലീസിന് തന്നെ സ്വമേധയാ കേസ് എടുക്കാവുന്ന കാര്യമാണിത്. എന്തുകൊണ്ടാണ് പോലീസ് അനങ്ങാത്തതെന്നും കുമ്മനം ചോദിച്ചു
ഭരണഘടനയുടെ ഔദാര്യം കൊണ്ടുമാത്രമാണ് അദ്ദേഹത്തിന് മന്ത്രിയാകാന്‍ കഴിഞ്ഞത്. മന്ത്രി സ്ഥാനം കിട്ടിയപ്പോള്‍ ഭരണഘടനയെ തന്നെ തള്ളിപ്പറയുന്ന മന്ത്രിക്ക് അവിടെ ഇരിക്കാന്‍ യോഗ്യതയില്ല. വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികാരണം അറിയാനാണ് കാത്തിരിക്കുന്നത്. മന്ത്രി സജി ചെറിയാൻ രാജിവെച്ചില്ലെങ്കില്‍ ബിജെപി പ്രക്ഷോഭത്തിലേക്ക് നീങ്ങും. നിയമവിദഗ്ധരുമായി ചര്‍ച്ചചെയ്ത് കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നും കുമ്മനം പറഞ്ഞു.