Spread the love

തിരുവനന്തപുരം: ഭരണഘടനയെക്കുറിച്ചുള്ള വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ മന്ത്രി സജി ചെറിയാൻ രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടില്‍ സി.പി.എം. വിവാദ പ്രസംഗത്തിൽ മന്ത്രി സഭയിൽ ഖേദം പ്രകടിപ്പിക്കുകയും മന്ത്രിയുടെ പ്രസ്താവന പത്രക്കുറിപ്പായി പുറത്തുവിടുകയും ചെയ്ത പശ്ചാത്തലത്തിൽ വിവാദം അവസാനിപ്പിക്കാനാണ് സർക്കാരും സി.പി.എമ്മും ഒരുങ്ങുന്നതെന്നാണ് സൂചന.

ഭരണഘടനയെ വിമർശിച്ചെന്ന വാർത്തകൾ വളച്ചൊടിച്ചതാണെന്നും മന്ത്രി സഭയിൽ വിശദീകരിച്ചു. തന്‍റെ പ്രസംഗത്തിനിടയിൽ നടത്തിയ പരാമർശങ്ങൾ ഏതെങ്കിലും തരത്തിൽ തെറ്റായി വ്യാഖ്യാനിക്കപ്പെടാനും താന്‍ ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ക്ക് പ്രചാരണം ലഭിക്കാനും ഇടവന്നിട്ടുണ്ടെങ്കില്‍ അങ്ങേയറ്റം ദുഃഖമുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

വിവാദ പ്രസംഗം ചർച്ചയായതോടെയാണ് മുഖ്യമന്ത്രി സജി ചെറിയാനെ വിളിപ്പിച്ചത്. മന്ത്രിയുടെ തെറ്റ് നാക്കുപിഴയാണെന്നാണ് മുതിർന്ന നേതാവ് എം.എ ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പറഞ്ഞത്. അതേസമയം, ശക്തമായ പ്രതിഷേധവുമായി യു.ഡി.എഫും ബി.ജെ.പിയും രംഗത്തെത്തി. മന്ത്രി സജി ചെറിയാന്‍റെ രാജി ആവശ്യപ്പെട്ട് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍റെ നേതൃത്വത്തിലുള്ള സംഘം ഗവർണറെ കാണുന്നുണ്ട്.

By newsten