ഷിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയിൽ സ്വാതന്ത്ര്യദിന പരേഡിനിടെയുണ്ടായ വെടിവയ്പ്പിൽ ആറ് പേർ കൊല്ലപ്പെട്ട സംഭവത്തിൽ 22കാരനെ കസ്റ്റഡിയിലെടുത്തു. റോബർട്ട് ക്രിമോ എന്നയാളാണ് പിടിയിലായത്. ഇല്ലിനോയിലെ ഹൈലാൻഡ് പാർക്കിൽ നടന്ന പരേഡിനിടെയാണ് പ്രതി കെട്ടിടത്തിന്റെ മുകളിൽ നിന്ന് വെടിയുതിർത്തത്. അക്രമത്തിൽ ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റവരിൽ കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. വെടിവെപ്പിന് ശേഷം പ്രതിയെ കാറിൽ പിന്തുടർന്നാണ് പിടികൂടിയതെന്ന് ഹൈലാൻഡ് പാർക്ക് പൊലീസ് മേധാവി ലൂ ജോഗ്മെൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രതി അങ്ങേയറ്റം അപകടകാരിയാണെന്നാണ് പൊലീസിന്റെ നിഗമനം. പ്രതിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ തോക്കുകളുമായും വെടിവയ്പ്പുമായും ബന്ധപ്പെട്ട് ധാരാളം പോസ്റ്റുകൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ച രാത്രി മുതൽ ഈ അക്കൗണ്ടുകൾ അപ്രത്യക്ഷമായി.
ജൂലൈ 4ന് യുഎസ് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും ആഘോഷങ്ങളും പരേഡുകളും സംഘടിപ്പിക്കും. ചിക്കാഗോയിൽ നടന്ന പരേഡിനിടെയാണ് സംഭവം. ഇല്ലിനോയിൽ അഞ്ചുപേർ സംഭവസ്ഥലത്തുതന്നെ വെടിയേറ്റ് മരിച്ചു. ഒരാൾ ആശുപത്രിയിൽ എത്തിച്ച ശേഷം മരിച്ചു. ഫിലാഡൽഫിയയിൽ നടന്ന മറ്റൊരു അക്രമസംഭവത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.