ഉത്തർപ്രദേശ്: സിനിമാ പോസ്റ്ററിൽ കാളി ദേവിയെ അപമാനിച്ചെന്നാരോപിച്ച് ഡോക്യുമെന്ററി സംവിധായിക ലീന മണിമേഖലയ്ക്കെതിരെ യുപി പോലീസ് കേസെടുത്തു. കാനഡയിൽ പ്രദർശിപ്പിക്കുന്ന കാളി എന്ന ചിത്രത്തിന്റെ പോസ്റ്റർ നേരത്തെ വിവാദമായിരുന്നു. ക്രിമിനൽ ഗൂഡാലോചന, ജനങ്ങൾക്കിടയിൽ വിദ്വേഷം പരത്താൻ ശ്രമം, മതവികാരം വ്രണപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് യു.പി പൊലീസ് കേസെടുത്തിരിക്കുന്നത്.
തമിഴ്നാട്ടിലെ മധുര സ്വദേശിനിയാണ് ലീന മണിമേഖല. അവരുടെ പുതിയ ഡോക്യുമെന്ററിയുടെ പോസ്റ്ററിൽ, കാളി ദേവിയെപ്പോലെ വസ്ത്രം ധരിച്ച ഒരു സ്ത്രീ പുകവലിക്കുന്നത് കാണാം. എൽജിബിടി കമ്മ്യൂണിറ്റിയുടെ പതാകയും പശ്ചാത്തലത്തിൽ കാണാൻ കഴിയും. ഇത് വിവാദങ്ങൾക്ക് വഴിവച്ചു. കാളി ദേവിയെ അപമാനിച്ചെന്നാരോപിച്ച് മണിമേഖലക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
പ്രതിഷേധത്തെ തുടർന്ന് ഗൗ മഹാസഭാ തലവൻ അജയ് ഗൗതം ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി പൊലീസിനും ആഭ്യന്തര മന്ത്രാലയത്തിനും പരാതി നൽകി.