കൊച്ചി: അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് നടൻ ഷമ്മി തിലകനോട് താരസംഘടനയായ ‘അമ്മ’ വിശദീകരണം തേടി. കൃത്യമായ മറുപടി നൽകിയെന്ന് ഷമ്മി തിലകൻ പറഞ്ഞു. ഓൺലൈനായി അച്ചടക്ക സമിതിക്ക് മുന്നിൽ ഹാജരാകാമെന്ന് അദ്ദേഹം അറിയിച്ചു.
അമ്മയുടെ കൂടിക്കാഴ്ച മൊബൈലിൽ പകർത്തിയതാണ് വിശദീകരണം തേടാനുള്ള പ്രധാന കാരണം. ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ഷമ്മി തിലകനോട് വിശദീകരണം തേടുമെന്ന് അമ്മ ഭാരവാഹികൾ അറിയിച്ചിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലൂടെയും മറ്റ് വാർത്താ ചാനലുകളിലൂടെയും സംഘടനയ്ക്കെതിരെ അദ്ദേഹം ഒരുപാട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതൊരു മാഫിയാ സംഘമാണെന്നും പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് എഎംഎംഎ അംഗങ്ങൾക്കുള്ളത്. കഴിഞ്ഞ ജനറൽ ബോഡിയിലും ഇക്കാര്യം പറഞ്ഞിരുന്നു. പൊതുയോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയെന്നും നടപടിയെടുക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്നും സിദ്ദിഖ് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.