മുംബൈ: മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിൻഡെ സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും. രാവിലെ 11 മണിക്ക് നിയമസഭ സമ്മേളിക്കും. ഇന്നലെയാണ് ബിജെപിയുടെ രാഹുൽ നർവേക്കർ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്.
നിലവിൽ 288 അംഗ നിയമസഭയിൽ ബിജെപിക്ക് 106 എംഎൽഎമാരാണുള്ളത്. 50 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നാണ് ഷിൻഡെ വിഭാഗത്തിന്റെ നിലപാട്. ഇതിൽ 39 പേർ ശിവസേന വിമതരാണ്. ഒരു ശിവസേന എം.എൽ.എയുടെ മരണത്തോടെ ആകെ അംഗബലം 287 ആയി. ഇതോടെ വിശ്വാസവോട്ടെടുപ്പിൽ വിജയിക്കാൻ 144 വോട്ടുകൾ വേണ്ടിവരും.
അതേസമയം, ഉദ്ധവ് താക്കറെ ക്യാമ്പിന് തിരിച്ചടിയായി ശിവസേനയുടെ നിയമസഭാ കക്ഷി നേതാവായി ഏക്നാഥ് ഷിൻഡെയെ പുതിയ സ്പീക്കർ നിയമിച്ചു. വിമത എം.എൽ.എമാർ മറുകണ്ടം ചാടിയപ്പോൾ, തനിക്കൊപ്പം നിന്ന അജയ് ചൗധരിയെ ഉദ്ധവ് നേതാവായി പ്രഖ്യാപിച്ചു. ഷിൻഡെ വിഭാഗം ഭാരത് ഗോഗവാലെയെ ചീഫ് വിപ്പായി നിയമിച്ചു. താക്കറെ പക്ഷത്തുള്ള സുനിൽ പ്രഭുവിന് പകരമാണ് ഈ നീക്കം.