ആലപ്പുഴ: പ്രകൃതിദത്ത വനമില്ലാത്ത സംസ്ഥാനത്തെ ഏക ജില്ലയാണ് ആലപ്പുഴ. എന്നാൽ ഇപ്പോൾ കഥ മാറുകയാണ്. ജില്ലാ സാമൂഹിക വനവൽക്കരണ വകുപ്പിൻെറ നേതൃത്വത്തിൽ ജില്ലയെ ഹരിതാഭമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 2021-22 വർഷത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മിയാവാക്കി വിദ്യാവനങ്ങൾ നിർമ്മിച്ചത് ആലപ്പുഴയിലാണ്.
ജില്ലയിലെ 14 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇതിനകം വനങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു. അഞ്ച് സ്ഥാപനങ്ങളിൽ കൂടി ഉടൻ വനം സ്ഥാപിക്കും. അപേക്ഷകൾ വൻ തോതിൽ ലഭിക്കുന്നുണ്ടെങ്കിലും സ്ഥലം ലഭ്യതയുള്ളവരെ മാത്രമാണ് ഇപ്പോൾ പരിഗണിക്കുന്നത്. മറ്റൊരു ജില്ലയിലും ഇത്രയധികം മിയാവാക്കി വനങ്ങൾ നിർമ്മിച്ചിട്ടില്ലെന്ന് അധികൃതർ പറയുന്നു.
ഇതിലൂടെ സ്കൂൾ, കോളേജ് പരിസരങ്ങളിൽ തന്നെ വിദ്യാർത്ഥികൾക്ക് കാടിന്റെ ഭംഗി ആസ്വദിക്കാൻ കഴിയും. ‘വിദ്യാവനങ്ങൾ’ ഒരു വർഷത്തിനുള്ളിൽ ഒരു ചെറിയ റിസർവ് വനമായി മാറും. ഓരോ സ്ഥാപനവും നൽകുന്ന അഞ്ച് സെന്റ് സ്ഥലത്താണ് വനം നട്ടുപിടിപ്പിച്ചിരിക്കുന്നത്. 160 ഇനങ്ങളിലായി ഏകദേശം 5,000 വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇവയിൽ കായ്കനികളും ഔഷധ സസ്യങ്ങളും ഉൾപ്പെടുന്നു.