മോസ്കോ: യുക്രേനിയൻ നഗരമായ ലിസിന്ഷാന്സ്ക് പിടിച്ചെടുത്തെന്ന് റഷ്യൻ സൈന്യം. രണ്ട് ദിവസത്തെ പോരാട്ടത്തിനൊടുവിലാണ് നഗരം പിടിച്ചെടുത്തതെന്ന് റഷ്യ അറിയിച്ചു. നഗരത്തിൽ പ്രവേശിച്ചതായും അതിനുള്ളിൽ നിലയുറപ്പിച്ചിരിക്കുന്ന യുക്രൈന് സൈന്യത്തെ നേരിടുകയാണെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ലിസിന്ഷാന്സ്ക് മോചിപ്പിച്ചുവെന്നാണ് റഷ്യ വിശേഷിപ്പിച്ചത്
ലിസിൻഷാൻസ്കിലെ തെരുവുകളിലൂടെ റഷ്യൻ സൈനികർ പരേഡ് നടത്തുന്നതിന്റെ വീഡിയോ റഷ്യൻ അനുകൂല സംഘടനകൾ പുറത്തുവിട്ടു. റഷ്യൻ പതാക നഗരത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് സെന്ററിൽ സ്ഥാപിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഡാൻബാസ് മേഖലയിലെ തന്ത്രപ്രധാനമായ നഗരമാണ് ലിസിൻഷാൻസ്ക്.
അധിനിവേശ സേനയ്ക്ക് ലിസിൻഷാൻസ്കിന്റെ നിയന്ത്രണം പൂർണ്ണമായും ഏറ്റെടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് യുക്രൈൻ പ്രതിരോധ മന്ത്രിയുടെ വക്താവ് യൂറി സാക്ക് പറഞ്ഞു. നഗരത്തിൽ കടുത്ത പോരാട്ടമാണ് നടക്കുന്നതെന്നും സ്ഥിതി അതീവ ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.