ന്യൂഡല്‍ഹി: വയനാട്ടിലെ എം.പി. ഓഫീസ് തകര്‍ത്തതുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയെ ഉദയ്പൂരിലെ കൊലപാതകവുമായി ബന്ധപ്പെടുത്തി തെറ്റിദ്ധരിപ്പിക്കും വിധത്തില്‍ വളച്ചൊടിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ സ്വകാര്യ വാര്‍ത്താചാനലിനും ബി.ജെ.പി. നേതാക്കൾക്കുമെതിരെ കേസ്. കോണ്‍ഗ്രസിന്റെ പരാതിയിൽ ജയ്പൂരിൽ കേസ് രജിസ്റ്റർ ചെയ്തതായി പാർട്ടി മാധ്യമ വിഭാഗം തലവൻ പവൻഖേര പറഞ്ഞു. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ കർശനമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കോൺഗ്രസിന്റെ അന്തസ്സ് ഒരു തടസ്സമാണെന്ന് കരുതിയവർക്ക് തെറ്റി. അത് ഞങ്ങളുടെ ആഭരണമാണ്. എപ്പോള്‍ വേണമെങ്കിലും എടുത്തുമാറ്റാം. നിയമനടപടിയുമുണ്ടാകും. രാഷ്ട്രധര്‍മത്തെയും ഭരണഘടനാപ്രതിബദ്ധതയെക്കുറിച്ചും ബി.ജെ.പി.യെ കോണ്‍ഗ്രസ് ഓര്‍മിപ്പിക്കുമെന്നും പവന്‍ഖേര പറഞ്ഞു. വയനാട്ടിലെ ഓഫീസ് തകർത്തത് കുട്ടികളാണെന്നും അവരോട് തനിക്ക് ദേഷ്യമില്ലെന്നുമുള്ള രാഹുലിന്റെ പ്രസ്താവന ഉദയ്പൂരിൽ തയ്യൽക്കാരനെ തലയറുത്ത് കൊലപ്പെടുത്തിയവരെ പരാമർശിച്ചുകൊണ്ടാണെന്നായിരുന്നു പ്രചാരണം. പ്രതിഷേധത്തെ തുടർന്ന് ആദ്യം വാർത്ത റിപ്പോർട്ട് ചെയ്ത സീ ന്യൂസ് ചാനൽ വീഡിയോ പിൻവലിച്ച് ക്ഷമാപണം നടത്തി.