Spread the love

കേരളത്തില്‍ കനത്ത മഴയ്ക്കൊപ്പം കടൽക്ഷോഭവും രൂക്ഷമാണ്. കൊല്ലത്ത് അഴീക്കൽ ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷമായി. ബീച്ചുകളിൽ സന്ദർശകരെ വിലക്കിക്കൊണ്ട് പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അറബിക്കടലിലെ സജീവമായ മൺസൂൺ കാറ്റാണ് മഴയ്ക്ക് കാരണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.

ആലപ്പുഴ ചേർത്തല ഒറ്റമശ്ശേരി തീരത്ത് ശക്തമായ കടൽക്ഷോഭം. 40 ഓളം വീടുകൾ കടലാക്രമണ ഭീഷണിയിലാണ്. വീടുകൾക്കുള്ളിൽ തിരമാലകൾ ആഞ്ഞടിക്കുകയാണ്. നിലവിലുള്ള കടൽഭിത്തി പൂർണ്ണമായും തകർന്നിട്ട് വർഷങ്ങളായി. അടിയന്തരമായി താത്കാലിക കടൽഭിത്തി നിർമിക്കാൻ മന്ത്രിസഭ അനുമതി നൽകി ഒരാഴ്ച കഴിഞ്ഞിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. കടലാക്രമണ ഭീഷണിയെ തുടർന്ന് നിരവധി കുടുംബങ്ങൾ ഇവിടെ നിന്ന് മാറി താമസിക്കുകയാണ്.

ഈ മാസം 5 വരെ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ പടിഞ്ഞാറൻ കാറ്റിൻറെ ഫലമായി അറബിക്കടലിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിലും പുറത്തും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ തിങ്കളാഴ്ച വരെ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്.

By newsten