Spread the love

തിരുവനന്തപുരം : ലൈംഗിക പീഡന പരാതിയിൽ പിസി ജോർജിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കാനം രാജേന്ദ്രൻ. പിസി ജോർജിന്റെ അറസ്റ്റ് കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ടതല്ലെന്നും കാനം പറഞ്ഞു. ബ്ലാക്മെയിൽ രാഷ്ട്രീയത്തിൽ എനിക്ക് താൽപര്യമില്ല. അതിനാൽ കൂടുതൽ പ്രതികരിക്കേണ്ട ആവശ്യമില്ല. നിയമം അതിന്റെ വഴിക്ക് പോകട്ടെ. പിസി ജോർജ് പറയുന്നതിൽ എന്തെങ്കിലും തെളിവുണ്ടെങ്കിൽ കൊടുക്കട്ടെ. ഇത് വെറുതെ പറഞ്ഞിട്ട് കാര്യമില്ലെന്നും കാനം പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ പിസി ജോർജ്ജ് ശക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വിദേശയാത്രകൾ ദുരൂഹമാണ്. വീണാ വിജയന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം. ഫാരിസ് അബൂബക്കറാണ് മുഖ്യമന്ത്രിയുടെ ബിനാമി. കവർച്ചയിൽ മുഖ്യമന്ത്രിയുടെ മക്കളും ഉൾപ്പെട്ടിട്ടുണ്ട്. ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തിൽ വൻ റാക്കറ്റാണ് നടക്കുന്നത്. സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അച്ഛനൊപ്പമുള്ള മകളുടെ യാത്ര ദുരൂഹമാണെന്ന് പിസി ജോർജ് ആരോപിച്ചു.

എനിക്കെതിരെയുള്ള കേസുകൾ ഗൂഡാലോചനയുടെ ഭാഗമാണ്. മുഖ്യമന്ത്രിക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്നും പിസി ജോർജ് പറഞ്ഞു. പീഡനക്കേസിൽ അറസ്റ്റിലായ പിസി ജോർജിന് ഇന്നലെ രാത്രിയാണ് ജാമ്യം ലഭിച്ചത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പിസി ജോർജിന് ജാമ്യം അനുവദിക്കരുതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് ആവശ്യപ്പെട്ടിരുന്നു. മണിക്കൂറുകൾ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

By newsten