തിരുവനന്തപുരം: സോളാർ കേസിലെ പ്രതി നൽകിയ ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായ ജനപക്ഷം നേതാവ് പിസി ജോർജിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
വിദ്വേഷ പ്രസംഗം ഉൾപ്പെടെയുള്ള മറ്റ് കേസുകളിൽ പ്രതിയായ പിസി ജോർജ് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കോടതി അനുവദിച്ച ജാമ്യവ്യവസ്ഥകൾ പ്രതികൾ ലംഘിച്ചുവെന്നും നിലവിൽ ഒമ്പത് കേസുകളിൽ പ്രതിയാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ നിലപാടെടുത്തു.
എന്നാൽ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്നും പ്രതിഭാഗം വാദിച്ചു. മുൻ മുഖ്യമന്ത്രിക്കെതിരെ ബലാത്സംഗ പരാതിയും നൽകിയിട്ടുണ്ട്. തിരശ്ശീലയ്ക്കു പിന്നിൽ വേറെയും കുറെയധികം പേരുണ്ട്. പരാതിക്കാരിയെ വ്യാജ പരാതി നൽകാൻ പ്രേരിപ്പിച്ചുവെന്നും ജോർജിൻറെ അഭിഭാഷകൻ വാദിച്ചു. ഹൃദ്രോഗിയും ഉയർന്ന രക്തസമ്മർദമുള്ളയാളുമാണ് പി.സി ജോർജ്. അതിനാല്‍ ജയിലിലടയ്ക്കരുതെന്ന് പ്രതിഭാഗം വാദിച്ചു.