Spread the love

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിൻറെ മൊഴി അവഗണിച്ച് സോളാർ കേസിലെ പ്രതിയുടെ മൊഴിയുടെ പേരിൽ പി.സി ജോർജിനെതിരെ കേസെടുത്തത് ഇരട്ടത്താപ്പാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പ്രാഥമികാന്വേഷണം പോലും നടത്താതിരുന്ന പൊലീസ് ജോർജിനെതിരായ പരാതിയിൽ പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് ജോർജിനെ അറസ്റ്റ് ചെയ്തത്.

പിണറായി വിജയനെ എതിർത്തതിൻറെ പേരിൽ മാത്രമാണ് ജോർജിനെതിരെ കേസെടുക്കുന്നതെന്ന് ഏതൊരു കൊച്ചുകുട്ടിക്കും മനസ്സിലാകും. പിണറായി വിജയൻറെ ഫാസിസ്റ്റ് സമീപനത്തിൻറെ ഒടുവിലത്തെ ഉദാഹരണമാണിത്. പ്രസംഗത്തിൻറെ പേരിൽ പിസിയെ ജയിലിൽ അടയ്ക്കാൻ കഴിയാത്തതിൻറെ പ്രതികാരമാണ് മുഖ്യമന്ത്രി നടത്തുന്നത്.

എ.കെ.ജി സെൻറർ ആക്രമണത്തിലെ പ്രതികളുടെ തുമ്പുപോലും ലഭിക്കാത്ത പൊലീസ് നാണക്കേട് മറയ്ക്കാനാണ് ജോർജിനെ അറസ്റ്റ് ചെയ്തത്. സ്വർണക്കടത്തിൽ നിന്ന് വിഷയം മാറ്റാൻ എല്ലാ രാഷ്ട്രീയ എതിരാളികളെയും വേട്ടയാടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇത് ഇന്ത്യയാണെന്നും ഇവിടെ ഭരണഘടനയും നീതിന്യായ സംവിധാനവും ഉണ്ടെന്നും പിണറായി മനസ്സിലാക്കണം. ഇത്തരം പകപോക്കൽ രാഷ്ട്രീയത്തിൻ കോടതിയിൽ കനത്ത പ്രഹരമേൽപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

By newsten