ചെന്നൈ: ചെന്നൈയുടെ ഹൃദയഭാഗത്തുള്ള അണ്ണാ മേൽപ്പാലത്തിന് 50 വയസ്. ഇത് ചെന്നൈയിലെ ആദ്യത്തെ ഫ്ലൈ ഓവറും ഇന്ത്യയിലെ മൂന്നാമത്തെ ഫ്ലൈഓവറുമാണ്. ജെമിനി മേൽപ്പാലം എന്നും ഇത് അറിയപ്പെടുന്നു. 1973-ലാണ് നിർമ്മാണം പൂർത്തിയായത്. ഓരോ മണിക്കൂറിലും 20,000 ലധികം വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. 1971-ൽ മുൻ മുഖ്യമന്ത്രി എം.കരുണാനിധിയാണ് അണ്ണാ മേൽപ്പാലത്തിന്റെ നിർമ്മാണത്തിന് തറക്കല്ലിട്ടത്. 70 ലക്ഷം രൂപയായിരുന്നു നിർമ്മാണച്ചെലവ്.
250 അടി നീളവും 48 അടി വീതിയുമുള്ള മേൽപ്പാലം 1973 ജൂലൈ ഒന്നിനാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. മുൻ മുഖ്യമന്ത്രി അണ്ണാദുരൈയുടെ ബഹുമാനാർത്ഥമാണ് അണ്ണാ മേൽപ്പാലത്തിന് പേരിട്ടത്. ചെന്നൈയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ ഈ പാലം പ്രധാന പങ്ക് വഹിച്ചു. കത്തീഡ്രൽ റോഡ്, അണ്ണാശാലൈ, നുങ്കമ്പാക്കം ഹൈറോഡ് എന്നിവിടങ്ങളിൽ നിന്ന് ഈ പാലത്തിലേക്ക് പ്രവേശിക്കാം.
ഈ മേൽപ്പാലം നിരവധി സിനിമകളിൽ ഇടം നേടിയിട്ടുണ്ട്. ഡി.എം.കെ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പാലം പുതുക്കിപ്പണിയുമെന്ന് പ്രഖ്യാപിച്ചു. 9 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. അണ്ണാദുരൈയുടെ പ്രശസ്തമായ ഉദ്ധരണികൾ, 32 പിച്ചള ശിലാഫലകങ്ങൾ, ആറടി ഉയരമുള്ള സിംഹ പ്രതിമകൾ, ശിലാസ്തംഭങ്ങൾ എന്നിവ ഉള്‍പ്പെടുത്തിയാണ് നവീകരണം..