മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി അഭിമന്യു കൊല്ലപ്പെട്ടിട്ട് നാലു വർഷം. അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന്റെ ഭാഗമായി അർദ്ധരാത്രിയിൽ മഹാരാജാസിൽ എസ്.എഫ്.ഐ പ്രവർത്തകർ ഒത്തുകൂടി. അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സ്ഥലത്തിന്റെ ചുമരിൽ പ്രതീകാത്മകമായി എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയുടെ നേതൃത്വത്തില്‍ ‘വര്‍ഗീയത തുലയട്ടെ’ എന്ന് എഴുതി. അഭിമന്യുവിന്റെ ഫോട്ടോയ്ക്ക് മുന്നിൽ എസ്എഫ്ഐ പ്രവർത്തകരും സഹപാഠികളും മെഴുകുതിരി കത്തിച്ചു. രാത്രി ഒരു മണിയോടെ നടന്ന ചടങ്ങിൽ ധാരാളം വിദ്യാർത്ഥികൾ പങ്കെടുത്തു.
വർഗീയതയ്ക്കും വലതുപക്ഷ നുണപ്രചാരണങ്ങൾക്കുമെതിരെ വിദ്യാർത്ഥി പ്രതിരോധ കൂട്ടായ്മകൾ സംഘടിപ്പിച്ചാണ് എസ്എഫ്ഐ അഭിമന്യു രക്തസാക്ഷി ദിനം ആഘോഷിക്കുന്നത്.
ഇടുക്കി വട്ടവടയിൽ നിന്ന് എറണാകുളം മഹാരാജാസ് കോളേജിൽ ശാസ്ത്രജ്ഞനാകാൻ ആഗ്രഹിച്ച 19 വയസുകാരനെ ‘വർഗീയത നശിപ്പിക്കട്ടെ’ എന്ന വാചകം എഴുതിയ ചുമരിന് മുന്നിലാണ് കൊലപ്പെടുത്തിയത്. തന്റെ കൈപിടിച്ച് കൂടെ നിന്ന ആൾ കൺമുന്നിൽ പോയി എന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് സുഹൃത്തുക്കൾ പറയുന്നു.