Spread the love

കാബൂൾ: സ്ത്രീകൾക്ക് അവരുടെ അവകാശങ്ങൾ നിഷേധിക്കുകയും അവരെ സമൂഹത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്ന താലിബാൻ വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്തെത്തി. കാബൂളിൽ നടക്കാനിരിക്കുന്ന മതനേതാക്കളുടെ സമ്മേളനത്തിൽ സ്ത്രീകളുടെ പങ്കാളിത്തം ഉണ്ടാകില്ലെന്ന് താലിബാൻ ഉപപ്രധാനമന്ത്രി മൗലവി അബ്ദുൽ സലാം ഹനാഫി പറഞ്ഞു. മൂവായിരത്തോളം മതപണ്ഡിതൻമാരും ഗോത്രമേലധ്യക്ഷൻമാരും വ്യാപാരികളും അടങ്ങുന്ന ഒരു വലിയ കൂട്ടായ്മയാണിത്.

സ്ത്രീകളെ ഉള്‍പ്പെടുത്താത്തതിലൂടെ അവരെ അങ്ങേയറ്റം ആദരവോടെ ബഹുമാനിക്കുന്ന തീരുമാനമാണിതെന്നും ഹനാഫി പറഞ്ഞു. ‘സ്ത്രീകൾ നമ്മുടെ അമ്മമാരും സഹോദരിമാരുമാണ്. നാം അവരെ ബഹുമാനിക്കുന്നു. അവരുടെ പുത്രൻമാർ ഈ ഒത്തുചേരലിൽ പങ്കെടുക്കുന്നു. അവർ സ്ത്രീകൾക്ക് വേണ്ടി സംസാരിക്കും,” ഹനാഫിയെ ഉദ്ധരിച്ച് അഫ്ഗാൻ വാർത്താ ഏജൻസിയായ ഖമാ പ്രസ് റിപ്പോർട്ട് ചെയ്തു.

ഇസ്ലാമിക ഭരണം, ദേശീയ ഐക്യം, സാമ്പത്തികവും സാമൂഹികവുമായ പുരോഗതി തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാനാണ് താലിബാൻ സമ്മേളനം സംഘടിപ്പിക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങൾ, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ സമ്മേളനത്തിൽ ഉൾപ്പെടുമോ എന്നത് സംശയമാണെന്നും ഖമ പ്രസ് പ്രസ്താവനയിൽ പറഞ്ഞു.

By newsten