തിരുവനന്തപുരം: എ.കെ.ജി സെൻററിന് നേരെയുണ്ടായ ബോംബേറിനെതിരെ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്തെ കലാപമേഖലയാക്കി തീർത്ത് ക്രമസമാധാന നില വഷളായിയെന്ന് വരുത്തിത്തീർക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് നടക്കുന്നത്. ഇതിൻ്റെ തുടർച്ചയാണ് എകെജി സെൻററിന് നേരെയുണ്ടായ ആക്രമണം.
പാർട്ടിയെ ജീവനോളം സ്നേഹിക്കുന്നവരെ പ്രകോപിപ്പിക്കാനുള്ള തന്ത്രങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്തെ വലതുപക്ഷ ശക്തികൾ പാർട്ടി ഓഫീസുകൾ ആക്രമിക്കുക, പരസ്യമായി പാർട്ടി പതാക കത്തിക്കുക, ദേശാഭിമാനി പോലുള്ള മാധ്യമ സ്ഥാപനങ്ങൾ ആക്രമിക്കുക തുടങ്ങിയ അക്രമങ്ങളിൽ ഏർപ്പെടുകയാണ്. അത്തരം പ്രവർത്തനങ്ങളിൽ ഏറ്റവും പ്രകോപനപരമായ സംസ്ഥാന കേന്ദ്രത്തെ ആക്രമിക്കുന്ന നടപടിയുടെ ഗൂഢലക്ഷ്യങ്ങൾ തിരിച്ചറിയാനും വിവേകത്തോടെ പ്രവർത്തിക്കാനും പാർട്ടി പ്രവർത്തകർക്ക് കഴിയണം. സംസ്ഥാനത്തെ യു.ഡി.എഫ്-ബി.ജെ.പി കൂട്ടുകെട്ടിൻറെ പ്രവർത്തനങ്ങളെ ജനങ്ങളെ അണിനിരത്തി സമാധാനപരമായി നേരിടണമെന്നും കോടിയേരി പറഞ്ഞു.